കൊച്ചി: വനിതാസൗഹൃദ ടൂറിസം, ഉത്തരവാദിത്വ ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയതല വനിതാകേന്ദ്രീകൃത പരിപാടി ‘ഹെര്‍ ട്രെയില്‍സ് 2026’ ഈ മാസം 17, 18 തീയതികളില്‍ വയനാട്ടില്‍ സംഘടിപ്പിക്കും.
വയനാട് ഇക്കോ ടൂറിസം അസോസിയേഷന് (ഡബ്ല്യുഇടിഎ), കേരള ടൂറിസം വകുപ്പ്, ഉത്തരവാദിത്വ ടൂറിസം മിഷന് എന്നിവയുമായി സഹകരിച്ച് സപ്ത റിസോര്‍ട്ടിലാണു പരിപാടി. 17ന് രാവിലെ 10.30ന് വനിതാ കോണ്‍ക്ലേവ് നടക്കും. ഉദ്ഘാടനം 18ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
വനിതാ ശക്തീകരണം, ഉത്തരവാദിത്വ ടൂറിസം, സുസ്ഥിര വികസനം, സമൂഹ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വനിതാ നേതാക്കള്‍, സംരംഭകര്‍, അധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സാഹസികരായ വനിതകള്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാകും.
18ന് രാവിലെ ഒമ്പതിന് മാനന്തവാടി പാരിസണ്‍സ് ടീ എസ്റ്റേറ്റില്‍ ഓഫ് റോഡ് യാത്ര ആരംഭിക്കും. മന്ത്രി ഒ.ആര്. കേളു യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സമാപനസമ്മേളനം കോമാച്ചി പാര്‍ക്കില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഡബ്ല്യുഇടിഎ പ്രസിഡന്റ് ഗോപവര്‍മ, സെക്രട്ടറി സായൂജ് പ്രഭാകര്‍, പരിപാടിയുടെ ക്യൂറേറ്റര്‍ രഞ്ജിനി മേനോന് എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.